ദിലീപിനെ കുടുക്കിയത് ശബ്ദരേഖ; കോമഡി നടനോട് നടിയെ ആക്രമിച്ച ശേഷം ദിലീപ് പറഞ്ഞത് ഇക്കാര്യങ്ങള്‍….



കൊച്ചി: നടി ആക്രമിക്കപ്പെട്ടക്കേസില്‍ ദിലീപിനെ കുടുക്കിയത് ഹാസ്യതാരവുമായുള്ള സംഭാഷണമെന്ന് റിപ്പോര്‍ട്ട്. താരത്തിനെതിരെ ശക്തമായ തെളിവ് ഉള്ളതുകൊണ്ടാണ് ദിലീപിന് നാലുതവണയും ജാമ്യം നിഷേധിച്ചത്. നടി ആക്രമിക്കപ്പെട്ടതിനു ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ കോമഡി നടനോട് ദിലീപ് നടത്തിയ സംഭാഷണങ്ങളാണ് പോലീസിന് പിടിവള്ളിയായത്.

നടിയുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ഈ സംഭാഷണത്തില്‍ ദിലീപ് സൂചിപ്പിക്കുന്നുണ്ട്. കോടതിയിലെത്തിയപ്പോഴെല്ലാം ദിലീപിന് ജാമ്യം ലഭിക്കാത്തതു ഈ തെളിവുകള്‍ പരിശോധിച്ചശേഷമായിരുന്നു.നടിയുടെ രഹസ്യ മൊഴിയില്‍ ദിലീപിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് വാര്‍ത്തയും വന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട ഒരു മാസത്തിന് ശേഷം ആണത്രെ ഈ ഫോണ്‍ സംഭാഷണം ഉണ്ടായിട്ടുളളത്. നാല് മിനിട്ടിലേറെ നീണ്ടു നില്‍ക്കുന്നതാണ് ഈ സംഭാഷണം എന്നും പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് ഈ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നടിയുമായി മുമ്പ് ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും തന്റെ കുടുംബ ജീവിതം തകരാനുള്ള കാരണങ്ങളെ കുറിച്ചും ആണ് ഫോണ്‍ സംഭാഷണത്തില്‍ പ്രതിപാദിക്കുന്നത്.

എന്നാല്‍ ഇത്തരം ഒരു ഫോണ്‍ സംഭാഷണം എങ്ങനെ നിര്‍ണായകമാകും എന്ന സംശയവും ഉയരുന്നുണ്ട്. അതിനുപുറമെ എങ്ങനെയാണ് ഈ സംഭാഷണം പോലീസിന്റെ കൈയ്യില്‍ എത്തിയത് എന്ന സംശയവും ഉണ്ട്. എന്നാല്‍ നടിയോ അന്വേഷണ സംഘമോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള തെളിവുകളില്‍ പലതും ശാസ്ത്രീയ തെളിവുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ളവയാണ് അവ. ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്ന് പറയാന്‍ വേറേയും ചില കാരണങ്ങളുണ്ട്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം സംബന്ധിച്ചാണ് അത്. കൃത്യമായ തെളിവുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അപ്പോഴേക്കും ദിലീപിന് ജാമ്യം കിട്ടുമോ എന്നാണ് ഇനി അറിയേണ്ടത്.